ജൂലായ് 22 ബുധനാഴ്ച എല്ലാ കൂട്ടുകാരും നേരത്തേ ഉണരണം. അന്ന് സൂര്യഗ്രഹണമാണ്. - പുതിയ നൂറ്റാണ്ടിന്റെ സൂര്യഗ്രഹണം. കേരളത്തില്‍ ഗ്രഹണം ഭാഗികമാണ്. മഴക്കാറു കാരണം കാണാന്‍ കഴിഞ്ഞു എന്നും വരില്ല. എന്നാലും ശ്രമിക്കണം; അഥവാ മേഘം ഒഴിഞ്ഞു കിട്ടിയാലോ! ഉദിക്കുന്നതു തന്നെ ഗ്രഹണ സൂര്യനാണ്. അതു കൊണ്ട് ഉദയസമയത്തു തന്നെ നോക്കണം. ടെറസ്സിലോ, അല്പം ഉയരമുള്ള മറ്റെവിടെ നിന്നെങ്കിലുമോ നോക്കുന്നത് നന്നാവും. വെറും കണ്ണുകൊണ്ടു തന്നെ നോക്കാം. പുകപിടിച്ച ചില്ലും അലൂമിനിയം ഫോയിലും ഒന്നും ആവശ്യമില്ല. ഉദയസൂര്യനെ നേരിട്ടു തന്നെ നോക്കാറുണ്ടല്ലോ. ഏഴുമണി വരെയേ നേരിട്ട് നോക്കാവൂ. അതു കഴിഞ്ഞാല്‍ പ്രകാശം തീക്ഷ്ണമാകും.
ഗ്രഹണവുമായി ബന്ധപ്പെട്ട് ധാരാളം അന്ധവിശ്വാസങ്ങള്‍ നമ്മുടെ നാട്ടിലുണ്ടെന്നറിയാമല്ലോ. അതു കൊണ്ട് പലരും നിങ്ങളെ വിലക്കിയെന്നും വരും. അവരോട് പറയുക; പാറ്റ്നയില്‍ ഇന്ന് ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടുകയാണ്, ഇന്ത്യയുടെ നാനാഭാഗത്തുനിന്നും, ഗ്രഹണം കാണാന്‍.
കേരളത്തില്‍ നിന്നും പോകുന്നുണ്ട് ഒരു വലിയ സംഘം. അവര്‍ പൂര്‍ണ്ണസൂര്യഗ്രഹണം കാണും. നമുക്ക് ഭാഗിക ഗ്രഹണം കാണാം. അന്ധവിശ്വാസങ്ങളെ വെല്ലുവിളിക്കാനുള്ള ഒരവസരമായി ജൂലായ് 22 നെ കണക്കാക്കുക. കഴിയുമെങ്കില്‍ കൂട്ടുകാര്‍ ഒന്നിച്ച് ഒരിടത്തു കൂടി ഗ്രഹണം കാണാന്‍ ശ്രമിക്കുക.
പ്രൊ. കെ. പാപ്പൂട്ടി
എഡിറ്റര്‍
ശാസ്ത്രകേരളം