Wednesday, July 8, 2009

ജൂലായ് 22 ന് നേരത്തേ ഉണരുക - എഡിറ്റോറിയല്‍-ജൂലായ്

ജൂലായ് 22 ബുധനാഴ്ച എല്ലാ കൂട്ടുകാരും നേരത്തേ ഉണരണം. അന്ന് സൂര്യഗ്രഹണമാണ്. - പുതിയ നൂറ്റാണ്ടിന്റെ സൂര്യഗ്രഹണം. കേരളത്തില്‍ ഗ്രഹണം ഭാഗികമാണ്. മഴക്കാറു കാരണം കാണാന്‍ കഴിഞ്ഞു എന്നും വരില്ല. എന്നാലും ശ്രമിക്കണം; അഥവാ മേഘം ഒഴിഞ്ഞു കിട്ടിയാലോ! ഉദിക്കുന്നതു തന്നെ ഗ്രഹണ സൂര്യനാണ്. അതു കൊണ്ട് ഉദയസമയത്തു തന്നെ നോക്കണം. ടെറസ്സിലോ, അല്പം ഉയരമുള്ള മറ്റെവിടെ നിന്നെങ്കിലുമോ നോക്കുന്നത് നന്നാവും. വെറും കണ്ണുകൊണ്ടു തന്നെ നോക്കാം. പുകപിടിച്ച ചില്ലും അലൂമിനിയം ഫോയിലും ഒന്നും ആവശ്യമില്ല. ഉദയസൂര്യനെ നേരിട്ടു തന്നെ നോക്കാറുണ്ടല്ലോ. ഏഴുമണി വരെയേ നേരിട്ട് നോക്കാവൂ. അതു കഴിഞ്ഞാല്‍ പ്രകാശം തീക്ഷ്ണമാകും.

ഗ്രഹണവുമായി ബന്ധപ്പെട്ട് ധാരാളം അന്ധവിശ്വാസങ്ങള്‍ നമ്മുടെ നാട്ടിലുണ്ടെന്നറിയാമല്ലോ. അതു കൊണ്ട് പലരും നിങ്ങളെ വിലക്കിയെന്നും വരും. അവരോട് പറയുക; പാറ്റ്നയില്‍ ഇന്ന് ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടുകയാണ്, ഇന്ത്യയുടെ നാനാഭാഗത്തുനിന്നും, ഗ്രഹണം കാണാന്‍.

കേരളത്തില്‍ നിന്നും പോകുന്നുണ്ട് ഒരു വലിയ സംഘം. അവര്‍ പൂര്‍ണ്ണസൂര്യഗ്രഹണം കാണും. നമുക്ക് ഭാഗിക ഗ്രഹണം കാണാം. അന്ധവിശ്വാസങ്ങളെ വെല്ലുവിളിക്കാനുള്ള ഒരവസരമായി ജൂലായ് 22 നെ കണക്കാക്കുക. കഴിയുമെങ്കില്‍ കൂട്ടുകാര്‍ ഒന്നിച്ച് ഒരിടത്തു കൂടി ഗ്രഹണം കാണാന്‍ ശ്രമിക്കുക.

പ്രൊ. കെ. പാപ്പൂട്ടി
എഡിറ്റര്‍
ശാസ്ത്രകേരളം

Thursday, February 12, 2009

രണ്ടു ജന്മദിനങ്ങളുടെ ഓര്‍മ്മയില്‍....

രണ്ടു ജന്മദിനങ്ങളുടെ ഓര്‍മ്മയില്‍.... 2009 ഫെബ്രുവരി എഡിറ്റോറിയല്‍

ഫെബ്രുവരി പന്ത്രണ്ട് രണ്ടു മഹാന്മാരുടെ ജന്മദിനമാണ്. ജീവന്റെ നാള്‍വഴി കണ്ടെത്തിയ ഡാര്‍വ്വിന്റേയും മനുഷ്യതുല്യതയ്ക്കും ജനാധിപത്യത്തിനും വേണ്ടി പോരാടി മരിച്ച എബ്രഹാം ലിങ്കന്റേയും. രണ്ടു പേരും ഇരുന്നൂറു വയസ്സ് പൂര്‍ത്തിയാക്കി നമ്മുടെ മനസ്സുകളില്‍ ജീവിക്കുന്നു.

ഗലീലിയോ ഭൌതികശാസ്ത്രത്തില്‍ ഊട്ടിയുറപ്പിച്ച ശാസ്ത്രത്തിന്റെ അന്വേഷണരീതി ജീവശാസ്ത്രത്തിലേക്കു കൂടി വ്യാപിപ്പിച്ചു കൊണ്ട് ഡാര്‍വ്വിന്‍ ഒരു പുതിയ വിപ്ലവത്തിന് തുടക്കം കുറിക്കുകയായിരുന്നു. ദൈവസൃഷ്ടികളെല്ലാം ഒരു മാറ്റവുമില്ലാതെ അതേ പടി തുടരുന്നു എന്നു വിശ്വസിച്ചിരുന്ന ഒരു യാഥാസ്ഥിതിക സമൂഹത്തിലേക്ക് ജീവരൂപങ്ങള്‍ നിരന്തരം പരിണാമത്തിന് വിധേയമായാണ് എന്നും, മുന്‍പ് ഉണ്ടായിരുന്ന പല ജീവിവര്‍ഗ്ഗങ്ങളും അന്യം നിന്നു പോവുകയോ രൂപപരിണാമം സംഭവിച്ചു പോവുകയോ ചെയ്തിരിക്കുന്നു എന്നും ഉള്ള ആശയങ്ങള്‍ തെളിവുകളുടെ സഹായത്തോടെ എത്തിച്ചത് ഡാര്‍വ്വിനാണ്. അതിന് അദ്ദേഹത്തിന് നേരിടേണ്ടി വന്ന വിമര്‍ശനങ്ങള്‍ക്കും പരിഹാസത്തിനും കണക്കില്ല. ഇന്നിപ്പോള്‍ പരിണാമപ്രക്രിയയുടെ തന്മാത്രാ തലം വരെ വ്യക്തമായിരിക്കുന്നു എന്നു മാത്രമല്ല സൂഷ്മജിവികളുടെ ജനിതകഘടനയില്‍ മാറ്റം വരുത്തി കൃതൃമമായി പരിണാമം സൃഷ്ടിക്കാനുള്ള കഴിവുവരെ മനുഷ്യന്‍ നേടിയിരിക്കുന്നു.

ഗലീലിയോയും ഡാര്‍വ്വിനും ശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ വഹിച്ച പങ്കു പോലെ തന്നെ പ്രധാനമാണ് ആരോഗ്യകരമായ ഒരു ജനാധിപത്യ സമൂഹത്തിന്റെ സൃഷ്ടിയില്‍ എബ്രഹാം ലിങ്കണ്‍ വഹിച്ച പങ്കും. ലിങ്കന്റെ ജന്മനാട് ഇന്ന് ലോകാധിപത്യം കൊതിക്കുന്ന ഒരു സാമ്രാജ്യശക്തിയായി മാറിപ്പോയെങ്കിലും ലോകമാകെ നോക്കിയാല്‍ ജനാധിപത്യത്തിന് അനുകൂലമായ ഒരു സാഹചര്യം വളര്‍ന്നു വരുന്നുണ്ട് എന്നത് ആശാവഹമായ കാര്യമാണ്.
യഥാര്‍ത്ഥ ജനാധിപത്യ ബോധമില്ലാത്ത ഒരു സമൂഹത്തില്‍ ശാസ്ത്രത്തിന്റെ വളര്‍ച്ച എത്രമാത്രം അപകടം ചെയ്യും എന്നതിന്റെ നല്ല ഉദാഹരണമാണ് ഹിറ്റ്ലറുടെ ജര്‍മ്മനിയും ഇന്നത്തെ അമേരിക്കയും. ശാസ്ത്രം ചൂഷണത്തിനും യുദ്ധോപകരണങ്ങളുടെ നിര്‍മ്മിതിക്കും ഉള്ള ഒരു ഉപാധിയായി മാറുന്നതോടെ അത് ജനവിരുദ്ധവുമാകുന്നു. ശാസ്ത്രവും ശാസ്ത്രബോധവും ജനാധിപത്യബോധവും കൈകോര്‍ത്തു മുന്നേറിയാലെ ഒരു തുല്യ സമൂഹസൃഷ്ടി സാധ്യമാകൂ. ഫെബ്രുവരി പന്ത്രണ്ടിന്റെ സന്ദേശം അതായിരിക്കട്ടെ.

എഡിറ്റര്‍
ശ്രീ. കെ. പാപ്പൂട്ടി

Monday, January 12, 2009

ശാസ്ത്രവര്‍ഷത്തിന് സ്വാഗതം - മുഖപ്രസംഗം ജനുവരി 2009

ശാസ്ത്രവര്‍ഷത്തിന് സ്വാഗതം

ഒത്തിരി ശാസ്ത്രസ്മരണകളുണര്‍ത്തിക്കൊണ്ടാണ് പുതിയ വര്‍ഷം കടന്നു വന്നിരിക്കുന്നത്. ഗലീലീയോ ടെലിസ്കോപ്പിലൂടെ വാനനിരീക്ഷണം നടത്തിയതിന്റെ നാന്നൂറാം വാര്‍ഷികമാണ് ഈ മേയ് മാസത്തില്‍. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികളാണ് ഇന്റര്‍നാഷണല്‍ ഇയര്‍ ഓഫ് ആസ്ട്രോണമിയുടെ (IYA) ഭാഗമായി നടക്കുക.

ചാള്‍സ് ഡാര്‍വ്വിന്റെ ഇരുന്നൂറാം പിറന്നാളാണ് ഫെബ്രുവരി 12 ന്. ജ്യോതിശാസ്ത്ര ഭൌതികശാസ്ത്ര രംഗങ്ങളില്‍ ഗലീലിയോ തുടക്കം കുറിച്ച ശാസ്ത്രവിപ്ലവത്തിന്റെ തുടര്‍ച്ചയായിരുന്നു ജീവശാസ്ത്രത്തില്‍ ഡാര്‍വ്വിന്‍ തുടങ്ങി വെച്ച വിപ്ലവവും. അദ്ദേഹത്തിന്റെ 'ഒറിജിന്‍ ഓഫ് സ്പീഷീസ് ' എന്ന കൃതിയുടെ നൂറ്റമ്പതാം വാര്‍ഷികവും ഇക്കൊല്ലം തന്നെയാണ്.

ഫെബ്രുവരി പന്ത്രണ്ട് അബ്രഹാം ലിങ്കന്റെ ഇരുന്നൂറാം പിറന്നാള്‍ കൂടിയാണ്.

ജെ.സി ബോസിന്റെ നൂറ്റമ്പതാം പിറന്നാളും ഈ വര്‍ഷം തന്നെ.

ഗലീലിയോയും ഡാര്‍വിനും തുടങ്ങിവച്ച ശാസ്ത്രവിപ്ലവങ്ങള്‍ ഇന്ന് ഏറെ മുന്നോട്ട് പോയിരിക്കുന്നു. പ്രപഞ്ചരഹസ്യങ്ങളുടേയും ജീവന്റെ രഹസ്യങ്ങളുടേയും ചുരുള്‍ അഴിഞ്ഞുകൊണ്ടിരിക്കുന്നു. എങ്കിലും സമൂഹം മൊത്തത്തില്‍ ഇന്നും അന്ധതയില്‍ തന്നെ. സൃഷ്ടിശാസ്ത്രവും ഗ്രഹങ്ങള്‍ ദൈവങ്ങളായുള്ള ജ്യോതിഷവും പൂര്‍വ്വാധികം ശക്തിയോടെ നിലനില്‍ക്കുന്നു. ഗലീലിയോയും ഡാര്‍വിനും നമുക്ക് നല്‍കിയ ശാസ്ത്രത്തിന്റെ രീതിയും ആധികാരികതയെ ചോദ്യം ചെയ്യാനുള്ള ധൈര്യവും നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ശാസ്ത്രം എന്നാല്‍ സാങ്കേതിക വിദ്യകളും ഉല്‍പ്പന്നങ്ങളും മാത്രമായി മാറിയിരിക്കുന്നു.

നമുക്ക് കൈമോശം വന്ന ശാസ്ത്രത്തേയും ശാസ്ത്രബോധത്തേയും തിരിച്ചുപിടിക്കാനുള്ള അവസരമായി ഈ ശാസ്ത്രവര്‍ഷത്തെ കണ്ടു കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നാം ആവിഷ്കരിക്കണം. സ്കൂളുകള്‍ തോറും ജ്യോതിശാസ്ത്ര ക്ലബ്ബുകളും ഡാര്‍വ്വിന്‍ ക്ലബ്ബുകളും ഉണ്ടാക്കി വാനനിരിക്ഷണവും പ്രദര്‍ശനങ്ങളും ചര്‍ച്ചകളും നടത്താന്‍ മുന്നിട്ടിറങ്ങണം. നാട്ടിലും വീട്ടിലും ശാസ്ത്രവര്‍ഷം ചര്‍ച്ചാവിധേയമാകണം.

Friday, December 19, 2008

അഭിമാനകരമായ നേട്ടം - ഡിസംബര്‍ എഡിറ്റോറിയല്‍

കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ ഇന്ത്യ ലോകത്തിന്റെ നെറുകയിലായിരുന്നു. ചന്ദ്രനെ ലക്ഷ്യമാക്കി ആദ്യം നടത്തിയ യാത്രയില്‍ തന്നെ ഒരു പിശകും പറ്റാതെ കൃത്യമായെത്തുക. ഉദ്ദേശിച്ച സ്ഥാനത്തു തന്നെ മൂണ്‍ ഇംപാക്റ്റ് പ്രോബ് എന്ന നിരീക്ഷണ പേടകം വീഴ്ത്തുക. നിലത്തെത്താനെടുത്ത 25 മിനിട്ടിനുള്ളില്‍ അനേകം ക്ലോസ് അപ് ചിത്രങ്ങള്‍ എടുത്തയച്ചു തരിക. ഇതെല്ലാം എല്ലാവരുടേയും പ്രതീക്ഷക്കപ്പുറത്തുള്ള നേട്ടങ്ങളാണ്. കാരണം അമേരിക്കയും റഷ്യയും പോലും എത്രയോ പരാജയങ്ങള്‍ക്കു ശേഷമാണ് ആദ്യ ഉപഗ്രഹത്തെ ചാന്ദ്രപഥത്തിലെത്തിച്ചത്. നമുക്ക് സന്തോഷിക്കാം. ആഘോഷിക്കാം. ഈ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രസംഘത്തെ അഭിനന്ദിക്കാം.
ഇനി 2012 ല്‍ ചന്ദ്രയാന്‍ - 2 ഒരു വാഹനത്തെ (Moon rover) ചന്ദ്രനിലിറക്കും. ഭൂമിയിലിരുന്ന് നിയന്ത്രിച്ച് അവിടെയെല്ലാം ഓടിക്കും. സാമ്പിളുകള്‍ ശേഖരിച്ച് പഠനം നടത്തും. ഈ പ്രതീക്ഷയും വിജയിക്കാതിരിക്കാന്‍ ഒരു കാരണവും കാണുന്നില്ല. പക്ഷേ 2015 ല്‍ മനുഷ്യനെ ഇറക്കും എന്ന ഐ.എസ്.ആര്‍.ഒ ചെയര്‍മാന്റെ പ്രസ്ഥാവന വേണ്ടത്ര യാഥാര്‍ത്ഥ്യബോധത്തോടെ ഉള്ളതാണോ എന്ന സംശയമുണ്ടാക്കുന്നുണ്ട്. അത് ഭാരിച്ച ചിലവുള്ള പദ്ധതിയാണ്. അതിനു തക്ക പ്രയോജനം കിട്ടാനുമില്ല. പകരം ചൊവ്വയിലേക്കും സൂര്യപഥത്തിലേക്കും (ആദിത്യന്‍ എന്നു പേരിട്ട പദ്ധതി) ഉപഗ്രഹങ്ങളെ അയക്കുന്നതാവും ശാസ്ത്രീയമായി പ്രയോജനകരം. എന്തായാലും ഈ ആവേശം നമുക്ക് കാത്തു സൂക്ഷിക്കാം. കുതിപ്പ് തുടരാം.

പ്രൊ. കെ. പാപ്പൂട്ടി
എഡിറ്റര്‍

Tuesday, November 11, 2008

ശാസ്ത്രജ്ഞര്‍ ക്കെങ്കിലും വേണ്ടേ അല്‍പ്പം ശാസ്ത്രബോധം

നമ്മുടെ ആണവോര്‍ജ്ജക്കമ്മീഷന്‍ ചെയര്‍മാന്‍ അനില്‍ കകോദ്കര്‍ നടത്തിയ ഒരു പ്രസ്താവനയാണ് ഇങ്ങനെ ഒരു കുറിപ്പെഴുതാന്‍ പ്രേരിപ്പിച്ചത്. 2050 ആകുമ്പോഴേക്കും ഇന്ത്യയുടെ മൊത്തം വൈദ്യുതി ആവശ്യത്തിന്റെ 35 ശതമാനം ആണവ നിലയങ്ങളില്ഡ നിന്നായിരിക്കുമത്രേ. ഇന്തോ-അമേരിക്കന്‍ ആണവക്കരാറിന്റെ വന്‍നേട്ടമാവും അത് എന്നുകൂടി അദ്ദേഹം പറഞ്ഞു.
2050 ല്‍ ഇന്ത്യക്ക് 14-15 ലക്ഷം മെഗാവാട്ട് (ഇന്നത്തേതിന്റെ പത്തിരട്ടി) വൈദ്യുതി വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. അതിന്റെ 35 ശതമാനം എന്നാല്‍ ഏതാണ്ട് 5 ലക്ഷം മെഗാവാട്ടുവരും. ഇന്നത്തെ നമ്മുടെ ആണവനിലയങ്ങള്‍ 250-500 മെഗാവാട്ട് മാത്രം ശേഷിയുള്ളതാണ്. അത് 1000 മെഗാവാട്ടിന്റെ സൂപ്പര്‍ നിലയങ്ങളായാല്‍ത്തന്നെ 500 അണുനിലയങ്ങള്‍ ! എവിടെപ്പണിയും? ചെര്‍ണോബിലും ത്രീമൈല്‍ ഐലന്റിലും നടന്ന ദുരന്തങ്ങളുടെ കാര്യം അത്ര വേഗം മറക്കാന്‍ പറ്റുമോ? അതിനുവേണ്ടി വരുന്ന ഭാരിച്ച മുതല്‍മുടക്കോ? ഒരു സാധാരണ താപനിലയത്തിനു ഒരു മെഗാവാട്ടിനു 3 കോടി വെച്ച് നിര്‍മ്മാണച്ചെലവ് വരുമ്പോള്‍ ആണവനിലയത്തിന് 12 കോടിവരും. ആകെ 60 ലക്ഷം കോടിരൂപ! അതിനൊക്കെയുള്ള ഇന്ധനം (യുറേനിയം) എവിടെനിന്നു കിട്ടും.? ഈ അണുനിലയങ്ങളെല്ലാം കൂടി ഉത്പാദിപ്പിക്കുന്ന അപകടകരമാംവിധം റേഡിയോ ആക്ടീവായ അവശിഷ്ടങ്ങള്‍ എവിടെ കൊണ്ടുപോയി നിക്ഷേപിക്കും?
ലോകത്ത് ഏറ്റവും കൂടുതല്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്ന ധാരാളം യുറേനിയം നിക്ഷേപവും മുടക്കാന്‍ പണവും കയ്യിലുള്ള അമേരിക്ക കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി ഒറ്റ അണുനിലയവും പണിതിട്ടില്ല എന്നോര്‍ക്കണം. ചൈന ലക്ഷ്യമിടുന്നത് വെറും 5% ശതമാനം മാത്രമാണ്. ആണവോര്‍ജ്ജത്തെ ഏറ്റവും അധികം ആശ്രയിക്കുന്ന ഫ്രാന്‍സുപോലും പ്രതീക്ഷിക്കുന്നത് 20% മാത്രമാണ്. എന്നുമാത്രമല്ല, ആഫ്രിക്കയിലെ സഹാറാ മരുഭൂമിയില്‍ സൌരോര്‍ജ്ജ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി യൂറോപ്പിലെത്തിക്കാനാണവര്‍ പദ്ധതിയിടുന്നത്. 2020 ഓടെ അതു സാദ്ധ്യമാകുമത്രെ. രാജസ്ഥാനിലും കച്ചിലും മറ്റും വിശാലമായ മരുഭൂമികള്‍ നമ്മള്‍ക്കുമില്ലേ?
പലരാജ്യങ്ങളും പരിസ്ഥിതി സൌഹാര്‍ദ്ദപരമായ പുതിയ ഊര്ജ്ജസ്വപ്നങ്ങള്‍ കാണുമ്പോള്‍ നമ്മള്‍ ആണവസ്വപ്നംകാണുന്നത്, അതും നടക്കാത്ത സ്വപ്നം കാണുന്നത്, മൂഢത്വമല്ലേ? ശാസ്ത്രജ്ഞന്മാര്‍ ക്കെങ്കിലും വേണ്ടേ അല്പം ശാസ്ത്രബോധം!

എഡിറ്റര്‍

Monday, November 10, 2008

ശാസ്ത്രകേരളം എന്നാല്‍

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന ശാസ്ത്രമാസികയാണ് ശാസ്ത്രകേരളം. കേരളത്തിന്‍റെ ശാസ്ത്ര-സാമൂഹ്യ രംഗങ്ങളില്‍ ക്രിയാത്മകമായും ജനകീയമായും ഇടപെടല്‍ നടത്തുന്ന ജനകീയ ശാസ്ത്ര സംഘടനയാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. ശാസ്ത്രീയമായ വീക്ഷണം കുട്ടികളില്‍ വളര്‍ന്നു വരണം എന്ന ആശയത്തോടെ രൂപം നല്‍കിയ മാസികയാണിത്. അടിസ്ഥാന ശാസ്ത്രത്തെ ലളിതമായി അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന ഈ പ്രസിദ്ധീകരണം ഹൈസ്കൂള്‍-ഹയര്‍സെക്കന്‍ററി വിദ്യാര്‍ത്ഥികളെ മുന്നില്‍ കണ്ടുകൊണ്ടാണ് രൂപകല്പന ചെയ്തിരിക്കുന്നത്.